കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ വന്‍ തീപിടിത്തം. പുർച്ചെ അഞ്ചരയോടെയാണ് തീ ആളിപ്പടർന്നത്. മിനി സിവില്‍ സ്റ്റേഷനു സമീപമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
പഴയ ഓട് മേഞ്ഞ കെട്ടിടം 90 ശതമാനവും കത്തിയതോടെ രേഖകളും കമ്പ്യൂട്ടറുകളും നശിച്ചു. തൊട്ടടുത്തുള്ള സബ് ജയിലിലേക്കും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തി നിയന്ത്രണ വിധേയമാക്കി. സംഭവത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ALSO READ: കടുവയെ കുടുക്കാന്‍ കൂടുകൾ മാറ്റി സ്ഥാപിക്കും: ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേതൃത്വം നല്‍കും
കാലപ്പഴക്കമുള്ള കെട്ടിടം മാസങ്ങൾക്ക് മുമ്പാണ് അറ്റകുറ്റ പണികൾ നടത്തി നവീകരിച്ചത്. ദിവസങ്ങൾക്ക് ലാൻ്റ് അക്യുസേഷൻ വിഭാഗം പ്രവർത്തിക്കുന്ന ഭാഗത്ത് തീപിടിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണോ മറ്റെന്തെങ്കിലും അട്ടിമറിയാണോ തീപിടിത്തത്തിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഫോറൻസിക് വിഭാഗം ഉടൻതന്നെ എത്തിച്ചേരും.