കോഴിക്കോട്: സമയോചിതമായ ഇടപെടലുണ്ടെങ്കില്‍ ഏത് അപകടവും വന്‍ ദുരന്തത്തില്‍ നിന്നും വഴിമാറും. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട്ടെ മിഠായി തെരുവിലെ ചെരുപ്പ് കടയില്‍ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കുണ്ടായ തീപിടിത്തം.
നാട്ടുകാരും വ്യാപാരികളും അഗ്‌നിശമന സേനാംഗങ്ങളും സംഭവസമയത്ത് സ്ഥലത്തെത്തുകയും ജാഗ്രതയോടെ ഇടപെടുകയുമായിരുന്നു. മിഠായിത്തെരുവിന് സമീപം മൊയ്‌തീന്‍ പള്ളി റോഡിൽ വി.കെ.എം ബിൽഡിങ്ങിന്‍റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയിലാണ് അപകടമുണ്ടായത്.
ഭാവിയില്‍ അപകടം ഒഴിവാക്കാന്‍ റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. കടയ്ക്കുള്ളിൽ അകപ്പെട്ട രണ്ട് സ്ത്രീകളെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിലേക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ച കടയിലേക്കും പടരാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു.
ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ച്ചയായി സ്ഥലത്ത് തീപിടിത്തമുണ്ടാകുന്നതിന്‍റെ കാരണം കണ്ടെത്താനും ഭാവിയില്‍ അപകടം ഒഴിവാക്കുന്നതിനുമായി ഫയര്‍ഫോഴ്‌സിനോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അപകട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ALSO READ: കോഴിക്കോട് മിഠായി തെരുവിലെ കടയില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം