കോഴിക്കോട് : റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ കല്ലേരി കൊണാറമ്പ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ തെങ്ങിലക്കടവ് പേരൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിക്കാണ് പരിക്കേറ്റത്. രണ്ട് കാലുകൾക്കും കൈയ്ക്കും മുറിവുണ്ട്. കൈയുടെ എല്ലിന് ക്ഷതവുമേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കല്ലേരിയിൽ നിന്നും കൊണാറമ്പിലേക്ക് പോകുന്നതിനിടെ റോഡരികിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതേ കുഴിയിൽ വീണ് താടിയെല്ലിനും കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ചെറുകുളത്തൂർ സ്വദേശി സഹദേവൻ ചികിത്സയിലാണ്. ഒരുമാസം മുൻപായിരുന്നു അപകടം.
ഈ റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർ ഉൾപ്പടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ അശാസ്ത്രീയമായ രീതിയിൽ മണ്ണിട്ട് മൂടിയതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വീതി കുറഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടും പതിവാണ്.
പെരുവയൽ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം, സ്വകാര്യ ആർട്‌സ് ആൻഡ് സയൻസ് കോളജ്, വെറ്ററിനറി ആശുപത്രി, സിഎം സെന്‍റർ, എന്നിവിടങ്ങളിലേക്കും പൂവാട്ട് പറമ്പിൽ നിന്നും ചെറുകുളത്തൂർ വഴി കുന്നമംഗലത്തേക്കുള്ള ഹ്രസ്വ ദൂര പാതയാണിത്. റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.