കോഴിക്കോട് : വ്യാഴാഴ്‌ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവൂർ മേഖലയിൽ വ്യാപക കൃഷി നാശം. കൽപ്പള്ളി, ആയംകുളം, തെങ്ങിലക്കടവ്, കണ്ണിപറമ്പ്, ഊർക്കടവ്, കുറ്റിക്കടവ് ഭാഗത്തെ വാഴക്കർഷകർക്കാണ് കൃഷി നാശം സംഭവിച്ചത്. ആയിരക്കണക്കിന് വാഴകളാണ് ഈ ഭാഗങ്ങളിൽ ഒടിഞ്ഞുവീണത്. അപ്രതീക്ഷിതമായ കാറ്റിൽ വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീഴുകയായിരുന്നു. ആറു മാസത്തെ വളർച്ചയുള്ള കുലച്ചതും കുലയെത്തിയതുമായ വാഴകളിലധികമാണ് നശിച്ചതിൽ കൂടുതൽ. കടമെടുത്തും മറ്റുമാണ് മിക്ക കർഷകരും കൃഷിയിറക്കിയിരുന്നത്.
വാഴകൃഷി കൂട്ടമായി നശിച്ചതോടെ ഇനിയെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ .ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാറ്റിൽ വാഴകൃഷി നശിക്കുന്നത്. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങൾ കാരണം വാഴക്കുലകൾ വിപണനം ചെയ്യാനാവാതെ കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.അത് ഇത്തവണത്തെ കൃഷിയിലൂടെ നികത്താം എന്ന പ്രതീക്ഷയിലായിരുന്നു കൃഷിയിറക്കിയിരുന്നത്.ആ പ്രതീക്ഷയാണ് വാഴകൾ നിലംപൊത്തിയതോടെ ഇപ്പോൾ ഇല്ലാതായത്.