കോഴിക്കോട്/ മലപ്പുറം: ഡിസിസി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടും മലപ്പുറത്തും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ. എം.കെ രാഘവന്‍ എംപിക്കും, കെ പ്രവീണ്‍കുമാറിനുമെതിരെ കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്ററുകൾ പതിച്ചത്.
Also Read: അവഗണന സഹിക്കാനാകില്ല; വിഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം
കെ പ്രവീൺ കുമാറിനെ ഡിസിസി പ്രസിഡന്‍റ് ആക്കാനുള്ള നീക്കത്തിനെതിരെ സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകൾ പോസ്റ്റർ. അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്‍റിനെയാണ് പ്രവർത്തകർക്ക് വേണ്ടതെന്നും എം.കെ രാഘവന്‍റെ നീരാളിപ്പിടിത്തത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
മുൻ മന്ത്രിയും എംഎൽഎയുമായ എപി അനിൽകുമാറിനെതിരെ മലപ്പുറത്ത് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഡിസിസി ഓഫീസിന് മുന്നിലും വണ്ടൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്തിന്‍റെ മതേതര മുഖം തകർക്കാനാണ് എപി അനിൽകുമാർ ശ്രമിക്കുന്നതെന്നാണ് ആരോപണം. കോൺഗ്രസിന്‍റെ അന്തകൻ ആണോ എപി അനിൽകുമാറെന്നും പോസ്റ്റുകളിൽ ചോദിക്കുന്നു. ഡിസിസി ഓഫിസിനു മുന്നിലെ പോസ്റ്ററുകൾ നീക്കം ചെയ്‌തു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വന്തം ഗ്രൂപ്പുകാരനെ ഡി.സി.സി പ്രസിഡന്‍റാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നായിരുന്നു യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ ആവശ്യം.