കോഴിക്കോട്: പുള്ളാവൂരിലെ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസി, നെയ്‌മർ കട്ടൗട്ടുകൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തിരുന്നു. അങ്ങനെ മെസിയും നെയ്‌മറും മാത്രം വന്നാല്‍ പോരല്ലോ ഞങ്ങളുടെ സ്വന്തം ക്രിസ്റ്റ്യാനോ റൊണാൾഡോയും വരുന്നുണ്ടെന്ന് ആരാധകർ പറഞ്ഞപ്പോൾ ആരും അത്ര കണ്ട് വിശ്വസിച്ചില്ല. എങ്കിലിതാ വരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ
ആകാശം മുട്ടെ സിആർ7: താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. പുള്ളാവൂരിലെ മെസ്സി-നെയ്‌മർ കട്ടൗട്ടുകളെ വെല്ലുന്ന തരത്തിലുള്ളതാണ് സിആർ7 കട്ടൗട്ട്. 40-45 അടി ഉയരത്തിലാണ് റൊണാൾഡോയുടെ കട്ടൗട്ട്.
അർജന്‍റീന താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്നതായിരുന്നു ആദ്യ സംഭവം. ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുകയും ലോകം മുഴുവൻ ആരാധകരുള്ള അർജന്‍റീന ടീമിന്‍റെ ഫേസ്ബുക്ക് ഫാൻ പേജും സൂപ്പർ താരം ലയണല്‍ മെസിയുടെ ഫാൻ പേജും വരെ പുള്ളാവൂരിന്‍റെ കട്ടൗട്ട് ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു.
Also Read: പുള്ളാവൂർ പുഴയിൽ ആദ്യ ഗോളടിച്ച് അർജന്‍റീന, വിടുമോ ബ്രസീല്‍, 'കട്ടൗട്ട് യുദ്ധം' തുടരുന്നു
ഇതിനു പിന്നാലെ ചെറുപുഴയുടെ കരയിൽ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരമുള്ള നെയ്‌മറിന്‍റെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീൽ ആരാധകർ മറുപടി നൽകി. 35 അടി ഉയരമുള്ള സുൽത്താന്‍റെ കട്ടൗട്ടിന് 25,000 രൂപയോളമാണ് ചെലവ് വന്നത്. അതോടെയാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് സ്ഥാപിക്കാൻ ആരാധകർ ശ്രമം തുടങ്ങിയത്.
ക്രെയ്ൻ ഉപയോഗിച്ചാണ് റൊണാൾഡോയുടെ കട്ടൗട്ട് പരപ്പൻപൊയിലിൽ ഉയർത്തിയത്. പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കിക്കെടുക്കാനായി തയാറെടുത്ത് നില്‍ക്കുന്ന റൊണാൾഡോയുടെ ഐക്കോണിക് ചിത്രമാണ് താമരശ്ശേരിയിലെ കട്ടൗട്ടിൽ ഉയർന്നത്.
ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വളരെയധികം ആവേശത്തിലാണ് കോഴിക്കോട് ജില്ലയിലെ ഫുട്ബോൾ പ്രേമികൾ. ലോകകപ്പിന് തിരി തെളിയുന്നതിന് മുൻപ് ഇനി ഏതൊക്കെ താരങ്ങളുടെ കട്ടൗട്ടുകൾ എവിടെയൊക്കെ ഉയരുമെന്ന് കണ്ടുതന്നെ അറിയണം.