കോഴിക്കോട്: സിൽവർ ലൈൻ സർവേകല്ലുകൾ പിഴുതെറിയാൻ കോൺഗ്രസും ബിജെപിയും ഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കണ്ണൂരിൽ പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ തല്ലിയോടിച്ചതിനോടായിരുന്നു പ്രതികരണം. തല്ല് ഒന്നിനും പരിഹാരമല്ല. എന്നാൽ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാർ കല്ല് നീക്കം ചെയ്യുന്നത്. സർക്കാരിൻ്റെ സിൽവർ ലൈൻ സംവാദ പരിപാടിയിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള ചോദ്യങ്ങൾക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍റെ മറുചോദ്യം. സംവാദ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നതിനെ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് കെ റെയിൽ അധികൃതരാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.