കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം. ഇന്നലെ പന്നിയങ്കര ലോക്കൽ കമ്മിറ്റി തിരുവണ്ണൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്.
അലൻ ഷുഹൈബിന്റെ വീടിന് സമീപം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ആണ് വിഷയം വിശദീകരിച്ചത്. താഹയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുമ്പോൾ അവിടെ 10-15 പാർട്ടി പ്രവർത്തകർ സന്നിഹിതരായിരുന്നു. ഇവർ നോക്കിനിൽക്കേയാണ് താഹയുടെ മുറിയിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖളും പുസ്‌തകങ്ങളും പൊലീസ് കണ്ടെടുത്തതെന്ന് പ്രേംനാഥ് പറഞ്ഞു.
പൊലീസ് ഭീഷണിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ താഹ മുദ്രാവാക്യം വിളിച്ചതാവാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഎം നടത്തിയ പരിശോധനയിൽ ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം. ഇരുവരും മാവോയിസ്റ്റ് സിന്ധാന്തത്തെ വിശ്വസിക്കുന്നവരാണെന്ന് പാർട്ടിയുടെ ഇതുവരെയുള്ള അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ മാവോ ബന്ധം ബോധ്യമായ സ്ഥിതിക്ക് ഇരുവർക്കുമെതിരെ നടപടി പ്രഖ്യാപനം വൈകാനിടയില്ല. നിലവിൽ ജയിലിൽ കഴിയുന്ന ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ ഇവരുടെ കൂടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന വിവരം.