കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുമായ പി.മോഹനന്‍ പറഞ്ഞു. സെമിനാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദന്‍, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, എം.വി ശ്രേയാംസ് കുമാര്‍, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആരെല്ലാം പങ്കെടുക്കും: സെമിനാറില്‍ വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരായ റെമിജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപത), റവ.ഡോ.ടി.ഐ ജെയിംസ് (സിഎസ്ഐ), സി.മുഹമ്മദ് ഫൈസി (കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ്, ചെയര്‍മാന്‍ ഹജ്ജ് കമ്മറ്റി), എന്‍.അലി അബ്‌ദുള്ള (കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി), മുക്കം ഉമ്മര്‍ ഫൈസി (സെക്രട്ടറി, സമസ്‌ത ജംഇയ്യത്തുല്‍ ഉലമ, ഹജ്ജ് കമ്മറ്റി അംഗം), പി.എം അബ്ദുള്‍ സലാം ബാഖവി (സമസ്‌ത കേന്ദ്ര മുശാവറ), ടി.പി അബ്‌ദുള്ളക്കോയ മദനി (പ്രസിഡന്‍റ്, കെ.എന്‍.എം), ഡോ.ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം) സി.പി ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, മര്‍ക്കസ് ദുവ), ഡോ.ഐ.പി അബ്‌ദുള്‍ സലാം (ഹജ്ജ് കമ്മറ്റിയംഗം, മര്‍ക്കസ് ദുവ) ഡോ.ഫസല്‍ ഗഫൂര്‍ (പ്രസിഡന്‍റ്, എം.ഇ.എസ്), ടി.കെ അഷ്റഫ് (വിസ്‌ഡം ഗ്രൂപ്പ്), ഒ.ആര്‍ കേളു എം.എല്‍.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), രാമഭദ്രന്‍ (കേരള ദളിത് ഫെഡറേഷന്‍) കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സെമിനാറില്‍ പങ്കെടുക്കും.
മറനീക്കി വിയോജിപ്പ്: അതിനിടെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്‌തയില്‍ ഭിന്നത. മൂന്നര പതിറ്റാണ്ട് മുമ്പ് സിവില്‍ കോഡ് നടപ്പാക്കുന്നതിന് അനുകൂലമായി വാദിച്ചവര്‍ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നതിന് പിന്നില്‍ സ്ഥാപിത അജണ്ടയാണന്ന് സമസ്ത മുശാവറ അംഗവും ദാറുൽ ഹുദ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചു. അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എതിര്‍പ്പുകള്‍ ഇങ്ങനെ: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന സമസ്തയുടെ നിലപാട് മുസ്‌ലിം സമുദായത്തിലും യുഡിഎഫ് കക്ഷികളിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്‌ലിംലീഗ് നിലപാടെടുത്തിട്ടും പിന്നോക്കം പോകാന്‍ തയാറാകാഞ്ഞ സമസ്‌ത നേതൃത്വത്തോട് ലീഗില്‍ ഒരു വിഭാഗത്തിന് അതൃപ്‌തിയുണ്ട്. എന്നാല്‍ അഭിപ്രായവ്യത്യാസം പരസ്യമാക്കാതെ അനുരഞ്ജനത്തിന്‍റെ വഴിയാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്.
മതസംഘടനയെന്ന നിലയ്ക്ക് സമസ്‌തയ്ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതോടെ ഭിന്നത താത്‌കാലികമായി ഉള്ളിലൊതുങ്ങി. എന്നാല്‍ ഇപ്പോള്‍ സമസ്‌ത നേതൃത്വത്തിലെ കടുത്ത മുസ്‌ലിംലീഗ് അനുഭാവിയായി അറിയപ്പെടുന്ന ബഹാഉദ്ദീൻ നദ്‌വി തന്നെ പരസ്യവിമര്‍ശനം ഉന്നയിച്ചതോടെ ഭിന്നത പരസ്യമാവുകയാണ്.
എസ്‌വൈഎസ് നേതാവും സമസ്‌ത നേതൃത്വത്തോട് അടുത്തുനില്‍ക്കുന്നയാളുമായ സത്താര്‍ പന്തല്ലൂരും നേരത്തെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏക സിവിൽ കോഡിന്‍റെ പേരിൽ ധൃതരാഷ്ട്രാലിംഗനവുമായി ആരും വരേണ്ടെന്നും ശരീഅത്തിനോടുള്ള സിപിഎം നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു സത്താറിന്‍റെ വിമര്‍ശനം. സിപിഎം പരിപാടിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സമസ്‌തയില്‍ രണ്ട് അഭിപ്രായമുണ്ടെന്ന് പരസ്യ വിമര്‍ശനങ്ങളിലൂടെ വ്യക്തമാവുകയാണ്.
സമാന്തര സെമിനാര്‍ മാറ്റിവച്ച് എസ്‌വൈഎസ്: എന്നാല്‍ സിപിഎം സെമിനാറിന് സമാന്തരമായി സമസ്‌തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാര്‍ മാറ്റിവച്ചിരുന്നു. സമസ്‌തയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. സിപിഎം സെമിനാര്‍ നിശ്ചയിച്ചിരുന്ന ശനിയാഴ്ച തന്നെയായിരുന്നു എസ്‌വൈഎസ് സെമിനാറും സംഘടിപ്പിക്കാനിരുന്നത്. ഡിസിസി അധ്യക്ഷന്‍ അഡ്വ.പ്രവീണ്‍ കുമാര്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. സിപിഎം സെമിനാര്‍ ദിവസം കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് നടപടി. എന്നാല്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം പരിപാടികളിലേക്ക് കടന്നാല്‍ മതിയെന്ന തീരുമാനത്തെത്തുടര്‍ന്ന് സെമിനാര്‍ റദ്ദാക്കിയെന്നാണ് വിശദീകരണം.