കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെതിരെ നടപടിക്ക് ശുപാർശ. ജോർജ് എം തോമസ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം നൽകിയ പരാതിയിലാണ് കമ്മിഷൻ അന്വേഷണം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് ജില്ല കമ്മറ്റിയുടെ ശുപാർശ.
സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതിയാണ് ജോർജ് എം തോമസിനെതിരെ ഉയർന്നത്. ജില്ല കമ്മിറ്റിയില്‍ നിന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ പരാതിക്കാർ സംസ്ഥാന നേതൃത്വത്തിന് പരാതി കൈമാറിയിരുന്നു. അടുത്ത ആഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക. ഇന്നലെ (ജൂലൈ 12) ചേർന്ന ജില്ല കമ്മിറ്റിയാണ് ജോർജ് എം തോമസിനെതിരെ നടപടിയെടുക്കുന്നത് പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഈ യോഗത്തിനെത്തിയിരുന്നു.
ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും പോഷക സംഘടനകളുടെ ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണമാണ് നേതാവിനെതിരെ ഉയർന്നത്. രണ്ടംഗ കമ്മിഷനാണ് ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. നേരത്തെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് സിപിഎം പരസ്യശാസന നൽകിയിരുന്നു.
സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിനാണ് നടപടിയെടുത്തത്. ലവ് ജിഹാദ് ശരിയെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ തുടർന്നായിരുന്നു പ്രതികരണം.
ജോര്‍ജ് എം തോമസിന് കെ മോഹനന്‍റെ പരസ്യ ശാസന: പരസ്യ പ്രസ്‌താവന നടത്തുമ്പോൾ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ മിശ്രവിവാഹ വിവാദത്തിൽ പ്രതികരിച്ചത്. ജോര്‍ജ് എം തോമസിന്‍റെ വാക്കുകളെ പൂര്‍ണമായും തള്ളിപ്പറഞ്ഞാണ് വിവാദത്തിൽ സിപിഎം ജില്ല സെക്രട്ടറി 2022 ഏപ്രിലില്‍ മാധ്യമങ്ങളെ കണ്ടത്.
ജോർജിൻ്റെ 'ലൗ ജിഹാദ്' പ്രസ്‌താവന പാർട്ടി നയത്തിന് എതിരാണെന്നും സിപിഎം അംഗീകരിക്കാത്ത നിലപാടാണ് മുൻ എംഎൽഎയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല സെക്രട്ടറിയേറ്റിൻ്റെ തീരുമാനം ജില്ല കമ്മിറ്റിയും അംഗീകരിച്ചു.
READ MORE | 'ലൗ ജിഹാദ്' പരാമർശം : ജോർജ് എം തോമസിന് പരസ്യ ശാസന
'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ടെന്നുമായിരുന്നു ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം. ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തില്‍, മുന്‍ എംഎല്‍എയുടെ ഈ പരാമര്‍ശം വന്‍തോതില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തുടര്‍ന്നാണ് സിപിഎം ജില്ല സെക്രട്ടറി, ജോര്‍ജ് എം തോമസിനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തള്ളിപ്പറഞ്ഞത്.
READ MORE | 'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും