കോഴിക്കോട്: അംഗബലം കുറയുമ്പോഴും സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ പിന്തുടരുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നുണ്ടെന്ന് സിപിഎമ്മിന്‍റെ രാഷ്ട്രീയ സംഘടന റിപ്പോർട്ട്. ഫേസ്ബുക്കിൽ 5.34 ലക്ഷവും ട്വിറ്ററിൽ 4.24 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 1.10 ലക്ഷവും ഫോളോവേഴ്‌സ് ഉള്ളതായാണ് കണക്ക്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് 2020ൽ പാർട്ടി ഘടകങ്ങളോട് പൊളിറ്റ് ബ്യൂറോ നിർദേശിച്ചിരുന്നു.
യോഗങ്ങൾ നടത്താനും മേൽക്കമ്മിറ്റികളുടെ തീരുമാനങ്ങൾ അറിയിക്കാനും ഈ സംവിധാനം ഉപയോഗിക്കാനായിരുന്നു നിർദേശം. കേരളത്തിൽ കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനങ്ങൾ ഇത്തരത്തിൽ അറിയിക്കുന്നുണ്ട്. ഓൺലൈൻ പ്രഭാഷണങ്ങളും ക്ലാസുകളും നടത്തുന്നുണ്ട്. അതിലൂടെ 50 ലക്ഷം പേരിലേക്കെത്താൻ സാധിച്ചെന്നാണ് റിപ്പോർട്ടിലെ കണക്ക്.
ഹിന്ദി സംസ്ഥാനങ്ങളിലേതുൾപ്പെടെ മറ്റു മിക്ക ഘടകങ്ങളും ഓൺലൈൻ സംവിധാനത്തിന്‍റെ കാര്യത്തിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, പാർട്ടിയുടെ വെബ്സൈറ്റും യൂട്യൂബ് ചാനലും ജനകീയമാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാട്‌സ്ആപ്പ് ശൃംഖലകളുണ്ടാക്കുകയെന്ന ദൗത്യവും നടപ്പായില്ല. വേണ്ടത്ര മുഴുവൻ സമയ പ്രവർത്തകരെ കിട്ടാത്തതാണ് ഇതിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.