കോഴിക്കോട്: കൊവിഡ് കാലം രാജ്യം ലോക്ക് ഡൗണിലേക്ക് വഴി മാറിയപ്പോൾ സമയം ചെലവഴിക്കാൻ കുട്ടികളും മുതിർന്നവരും വിവിധ വഴികൾ തേടുകയായിരുന്നു. പഠനവും പാചകവും ചിത്രരചനയും ബോട്ടില്‍ ആർട്ടും വ്യായാമവും ഒക്കെയായി വ്യത്യസ്ത രീതികളുമായി ആളുകൾ ലോക്ക് ഡൗണിനെ നേരിട്ടു. പക്ഷേ മാവൂർ ചെറുകുളത്തൂരിലെ രാജേഷ് കുമാറിന്‍റെയും വിജിയുടെയും മകൾ ശ്രാവണ പഠിച്ചത് മാജിക്കാണ്. ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചപ്പോഴേക്കും മാവൂർ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ശ്രാവണ ഒന്നാംതരം മാജിക്കുകാരിയായി.
അച്ഛൻ രാജേഷ് കുമാറാണ് ശ്രാവണയുടെ മാജിക്ക് അധ്യാപകൻ. ഇനി സ്കൂൾ തുറന്ന് കൂട്ടുകാർക്ക് മുന്നില്‍ മാജിക്ക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രാവണ. കൊറോണക്കാലം ചെപ്പടി വിദ്യകളുടെ പഠനകാലമാക്കിയാണ് ശ്രാവണ കൗതുകമാകുന്നത്.