കോഴിക്കോട്: വവ്വാലുകളുടെ സ്രവ സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലായി പാഴുരിലെ ജനങ്ങൾ. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് അടുത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശം വീണ്ടും ഭീതിയിലായി.
മരണം സ്ഥിരീകരിച്ച ശേഷം ആരോഗ്യ വകുപ്പ് വലിയ തരത്തിലുള്ള പരിശോധനയാണ് പ്രദേശത്ത് നടത്തിയിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരുടെയും പരിശോധനാഫലവും നെഗറ്റീവായി. പിന്നീട് മൃഗസംരക്ഷണ വകുപ്പ് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച ആടുകളുടെയും വവ്വാലുകളുടെയും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നിന്നുള്ള സ്രവ പരിശോധനാ ഫലവും നെഗറ്റീവായി.
കൂടുതല്‍ വായനക്ക്: അധ്യാപക - വിദ്യാര്‍ഥി - യുവജന സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തും
ഇതോടെ പാഴൂരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ഭീതി ഒഴിയുകയും ചെയ്തു. തുടർന്നാണ് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായി പാഴൂരിന്‍റെ സമീപപ്രദേശങ്ങളിൽ വനംവകുപ്പ് വല സ്ഥാപിച്ച് വവ്വാലുകളെ പിടികൂടി.
ഇവയുടെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപ വൈറസിനെതിരായ ആന്‍റിബോഡി വവ്വാലുകളില്‍ കണ്ടെത്തിയത്. ഐ.ജി.ജി ആന്റിബോഡി സാന്നിധ്യമാണ് സ്ഥിരീകരിച്ചതെന്നാണ് റിപ്പേര്‍ട്ട്.
വവ്വാലുകളിലെ വൈറസ് കുട്ടിയില്‍ എങ്ങനെയെത്തിയെന്ന് ആരോഗ്യ വകുപ്പ്
എന്നാല്‍ വവ്വാലുകളിലുള്ള നിപാ വൈറസ് മരിച്ച കുട്ടിയിൽ എങ്ങനെയെത്തിയെന്ന് കണ്ടുപിടിക്കാനാണ് ഇനി ആരോഗ്യവകുപ്പിന്‍റെ ശ്രമം. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇനിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന ആശങ്കയും ജനങ്ങക്കുണ്ട്. ആരോഗ്യ വകുപ്പ് ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ വയനാട് എം.പി രാഹുൽഗാന്ധി നിപ മരണം സ്ഥിരീകരിച്ച പാഴൂരിലെത്തി. മരിച്ച കുട്ടിയുടെ പിതാവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും മാതാപിതാക്കളിൽ ഒരാൾക്ക് സർക്കാർ ജോലിയും ലഭിക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാഴൂർ യൂനിറ്റ് കമ്മിറ്റി അദ്ദേഹത്തിന് നിവേദനവും നൽകി.