കോഴിക്കോട്: സൈക്കിൾ നന്നാക്കാൻ കൊടുത്താല്‍ ശരിയാക്കി തിരിച്ചുനല്‍കണം. അല്ലാതെ വിളിച്ചാല്‍ ഫോൺ എടുക്കാതെ കടയടച്ച് പറ്റിക്കാമെന്ന് വിചാരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കേരള പൊലീസ് ഇടപെടും. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ എളമ്പിലാട് യുപി സ്കൂൾ വിദ്യാർഥിയായ ആബിറാണ് പരാതിക്കാരൻ. നോട്ടുബുക്കിലെ പേജ് ചീന്തി അതില്‍ പരാതിയെഴുതി ആബിർ മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ്ഐയ്ക്ക് നല്‍കി.
പരാതി ഇങ്ങനെയാണ്....
സർ,
എന്‍റെയും അനിയന്‍റെയും സൈക്കിൾ സെപ്റ്റംബർ അഞ്ചാം തീയതി കൊടുത്തതാണ്. ഇതുവരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. ചിലപ്പോൾ എടുത്താല്‍ നന്നാക്കും എന്നു പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. അതുകൊണ്ട് സാർ ഇത് ഒന്നു വാങ്ങിത്തരണം.
എന്ന് ആബിർ
കുട്ടിയുടെ പരാതി കിട്ടിയപ്പോൾ കാര്യമുണ്ടെന്ന് കണ്ടെത്തിയ മേപ്പയൂർ ജനമൈത്രി പൊലീസ് സൈക്കിൾ കടക്കാരനെ കണ്ടെത്തി കാര്യമന്വേഷിച്ചു. സുഖമില്ലാത്തതിനാലും മകളുടെ കല്യാണ ആവശ്യങ്ങൾക്കുവേണ്ടിയും കുറച്ചുനാൾ കടയടച്ചിടേണ്ടി വന്നതിനാലാണ് സൈക്കിൾ നന്നാക്കാൻ വൈകിയതെന്നാണ് കടയുടമ ബാലകൃഷ്‌ണൻ പറഞ്ഞു. പിന്നീട് ജനമൈത്രി പൊലീസിന്‍റെ മേൽനോട്ടത്തിൽ ബാലകൃഷ്‌ണൻ സൈക്കിൾ നന്നാക്കികൊടുത്തു. സൈക്കിൾ തിരികെ കിട്ടിയപ്പോൾ ആബിറിന് സന്തോഷം.
അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ പ്രശ്‌നവും ചിലപ്പോൾ പൊലീസ് പരിഹരിക്കേണ്ടി വരും. മേപ്പയൂർ പൊലീസിനും ഇത് സന്തോഷ മുഹൂർത്തമാണ്. കാരണം ഒരു മില്യൺ ഫോളോവേഴ്സുള്ള കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പേജില്‍ ഈ വാർത്ത ഇപ്പോൾ തരംഗമാണ്. 65000 പേരാണ് ഇതുവരെ ഈ വാർത്ത ഫേസ്ബുക്കില്‍ കണ്ടത്. പൊലീസിന് അഭിനന്ദനവുമായും നിരവധി പേർ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുണ്ട്.