കോഴിക്കോട്: ശബരിമല വിഷയത്തിൽ സിപിഎം നേരത്തെ എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നിലപാട് വ്യക്തമാക്കണമെന്നും യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരത്തിൽ കാലിക്കറ്റ് സർവകാലശാല നിയമനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വകുപ്പ് സെക്രട്ടറിയുടെ നിർദേശങ്ങൾ മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നും നിയമനത്തിന്‍റെ മാനദണ്ഡം സംവിധായകൻ കമൽ നടത്തിയ അതേ നിർദേശമാണെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം-ബിജെപി കൂട്ടുകെട്ട് കോൺഗ്രസിനെ ഇല്ലാതാക്കാനാണെന്നും സിപിഎം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും സർക്കാർ താത്കാലിക നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും സർക്കാരിന്‍റെ തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.