കോഴിക്കോട്: ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നമൊയിലോത്തറ സ്വദേശികളായ തെക്കേപ്പറമ്പത്ത് സായൂജ് (22), തമഞ്ഞിമ്മൽ രാഹുൽ (22), അടുക്കത്ത് പാറച്ചാലിൽ ഷിബു (32), കായക്കൊടി ആക്കൽ സ്വദേശി പാലോളി വീട്ടിൽ അക്ഷയ് (22) എന്നിവരെ പ്രതി ചേർത്താണ് വടകര നർക്കോട്ടിക്ക് ഡി.വൈ.എസ്.പി കെ. അശ്വകുമാർ കോഴിക്കോട് പോക്സോ കോടതിയിൽ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
1000ത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ 53ഓളം സാക്ഷികൾ, പ്രതികൾ സഞ്ചരിച്ച രണ്ട് മോട്ടോർ ബൈക്കുകൾ, പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ തുടങ്ങി 10ൽ അധികം തൊണ്ടി മുതലുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.
READ MORE: ദലിത് ബാലികയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും മൂന്ന് പേരും പിടിയില്‍
ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റ്യാടി അമാന ആശുപത്രി പരിസരത്ത് നിന്ന് കേസിൽ ഒന്നാം പ്രതിയായ സായൂജും ഷിബുവും ചേർന്ന് ഇരയായ 17കാരിയെ തൊട്ടിൽ പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും ശീതള പാനീയത്തിൽ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് പരാതി.
നാദാപുരം എ.എസ്.പി പി. നിഥിൻ രാജ് ഐ.പി.എസ്, എസ്.ഐ കെ.പി ജയൻ, എ.എസ്.ഐ എൻ.പി അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതും ഒന്നരമാസത്തിനിടയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും. ഐ.പി.സി 376 (ഡി ) കൂട്ടബലാത്സംഗം, പോക്സോ, എസ്.സി.എസ്.ടി പ്രൊട്ടക്ഷൻ ആക്ട് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ നാല് പ്രതികളും റിമാൻഡിൽ കഴിയുകയാണ്.