സിമന്‍റ് വില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകാതിരുന്നിട്ടും വിഷയത്തിൽ സർക്കാർ ഇടപെടാത്തത് വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. സിമന്‍റ് വില കുതിച്ചുയരുന്നതിനാൽ ലോൺ എടുത്ത് വീട് വയ്ക്കുന്ന സാധാരണക്കാരുടെ ബജറ്റാണ് താളം തെറ്റുന്നത്. നിലവിലെ വിപണി വില അനുസരിച്ച് വീട് വയ്ക്കുന്ന സാധാരണക്കാർക്ക് തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാൾ ഒരു ലക്ഷം രൂപ അധികമായി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.
സിമന്‍റ് വിലയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ കുതിക്കുന്നത് കേരളത്തിലെ നിർമാണ മേഖലയെ സാരമായി തന്നെ ബാധിക്കും. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാനായിട്ടുള്ള പദ്ധതികളും ഇതോടെ താളം തെറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്.