കോഴിക്കോട്: താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണത്തില്‍ പെട്ട വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയിലാണ് നടപടി.
നായ്ക്കളുടെ കൂട്ടമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തില്‍ നായ്ക്കളുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിരുന്നു. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ ഫൗസിയക്കാണ് കടിയേറ്റത്.
മദ്‌റസയില്‍ പോയ കുട്ടിയെ കൂട്ടാന്‍ എത്തിയതായിരുന്നു യുവതി. വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്‍റെ ചെറുമകന്‍ റോഷന്‍റെ വളര്‍ത്തുന്ന നായ്ക്കളാണ് ദേശീയ പാതയില്‍ വെച്ച് ഫൗസിയയെ ആക്രമിച്ചത്.
Also Read: നായ്ക്കളെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിച്ചുവെന്ന് ആരോപണം; നായയുടെ ഉടമ അറസ്റ്റില്‍
റോഡില്‍ വീണ ഫൗസിയയുടെ ദേഹമാസകലം നായകള്‍ കടിച്ചു. ഏതാനും ദിവസം മുമ്പ് പ്രഭാകരൻ എന്നയാൾക്ക് നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റതായി പരാതി ഉയർന്നിരുന്നു.
വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുന്നതിൽ നാട്ടുകാര്‍ രോഷാകുലരാണ്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തത്.