കോഴിക്കോട്: കനോലി കനാലിന്‍റെ ശുചീകരണ പ്രവർത്തനം പുരോഗമിക്കുന്നു. ജലപാതക്കായി ക്വിൽ( കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ടചേഴ്സ് ലിമിറ്റഡ്) ആണ് കനാൽ ശുദ്ധീകരിക്കുന്നത്. രണ്ട് മാസം നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കനാലിന്‍റെ ഭൂരിഭാഗവും വൃത്തിയാക്കിക്കഴിഞ്ഞു. ഏഴ് കിലോമീറ്റർ ദൂരത്തിലെ കുളവാഴയും മാലിന്യങ്ങളും അഞ്ചുകിലോമീറ്ററിലെ ചെളിയും ഇതിനോടകം കനാലില്‍ നിന്ന് നീക്കി. ശേഷിക്കുന്ന ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഒന്നരമാസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ബോട്ട് സര്‍വ്വീസ് ആരംഭിക്കും. മെയ് മാസത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ മഴയുടെ ലഭ്യതകുറവ് മൂലം സിൽട്ട് പുഷർ ഉപയോഗിച്ച് ചെളിനീക്കുന്നത് തടസ്സപ്പെട്ടിരുന്നു. നിലവിൽ എരഞ്ഞിപ്പാലം മുതൽ കാരപറമ്പ് വരെയുള്ള ഭാഗത്താണ് ചെളി നീക്കം ചെയ്യുന്നത്. വീണ്ടും മലിനീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഓരോ വർഷവും കനാൽ ശുചീകരിക്കാൻ ക്വിൽ തീരുമാനിച്ചിട്ടുണ്ട്.
കനാലും കല്ലായി പുഴയും ചേരുന്ന മൂര്യാട് ഭാഗത്ത് നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ടാഴ്ചയോളം പിന്നിട്ടാണ് ഇവിടത്തെ ചെളി നീക്കിയത്. പിന്നീട് സരോവരം വരെയുള്ള ഭാഗത്തെ കുളവാഴകൾ നീക്കി. അക്വാട്ടിക് ഷ്രെഡർ, വീഡ് ഷ്രെഡർ തുടങ്ങിയവ ഉപയോഗിച്ചാണ് കളകൾ വെട്ടി നീക്കിയത്. മഴപെയ്ത് വെള്ളം ഉയർന്നാൽ ചെളി നീക്കൽ പ്രവർത്തിക്ക് വേഗം കൂടും. കല്ലായി മുതൽ എരഞ്ഞിക്കൽ വരെയുള്ള 11.2 കിലോമീറ്റർ കനാലാണ് ജലപാതക്കായി ഉപയോഗപ്പെടുത്തുന്നത്.