കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്ബോൾ വേദിയിൽ കേരളത്തനിമയും തിളങ്ങും. ഉരുവിൻ്റെ തറവാടായ ബേപ്പൂർ ചാലിയത്ത് നിന്നാണ് പൈതൃകം വിളിച്ചോതുന്ന പണിത്തരം കടൽ കടക്കുന്നത്. എഴുന്നൂറിലേറെ വർഷം പഴക്കമുള്ള 'ബഗല' ഉരുവാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 27 അടി നീളവും 7 അടി വീതിയും ആറടി ഉയരവുമാണ് ഇതിനുള്ളത്.
നാടൻ തേക്കിൽ തീർത്ത ഈ ജലയാനത്തെ കൂട്ടിയിണക്കിയത് ചകിരിയും കയറും ഉപയോഗിച്ചാണെന്നതാണ് വലിയ പ്രത്യേകത. അയ്യായിരം തുളകളിൽ 2500ലേറെ തുന്നിക്കെട്ടലുകളാണുള്ളത്. ആണിയോ നെട്ട് ബോൾട്ടോ ഉപയോഗിക്കാത്ത കൈപ്പണി.
ALSO READ: Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം
കാലാകാലങ്ങളായി ഉരു നിർമാണ മേഖലയിൽ പേരുകേട്ട പി.ഐ അഹമ്മദ് കോയ ആന്‍റ് കമ്പനിയാണ് പുതിയ 'ബഗല'യും നിർമ്മിക്കുന്നത്. വ്യത്യസ്ഥമാർന്ന ഇരുനൂറിലേറെ ഉരു നീറ്റിലിറിക്കിയ കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ ഹാഷിം പി. ഒ ആണ് ഇപ്പോഴത്തെ മുതലാളി. പുതിയ കാലത്തെ ഒരു പരീക്ഷണമാണ് ഈ നിർമ്മാണം എന്ന് അദ്ദേഹം പറയുന്നു.
ദിനം പ്രതി ഏഴ് പേരാണ് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഉരു നിർമാണത്തിൽ വലിയ പാരമ്പര്യമുള്ള ഗോകുൽദാസ് ആണ് മരപ്പണിക്ക് നേതൃത്വം നൽകുന്നത്. കൂടെ പൊന്നാനിക്കാരായ ഉരു സ്പെഷ്യലിസ്‌റ്റുകളും. കയറിൽ കരവിരുത് തീർക്കുന്നത് സുകുമാരനാണ്. രണ്ടര മാസമായി ഓരോ തുളകളും തുന്നി ചേർക്കുകയാണ്. മൂന്ന് മാസം കൊണ്ട് രൂപാന്തരപ്പെട്ടു വന്ന ഉരു അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
മിനുക്കുപണികൾ കഴിയുന്നതോടെ യാത്ര പുറപ്പെടും. കണ്ടെയ്‌നറിലായിരിക്കും ഖത്തറിലേക്ക് കൊണ്ടു പോകുക. നീറ്റിലിറക്കി ആറ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരു പ്രദർശനത്തിനായതുകൊണ്ടാണ് കണ്ടെയ്‌നറിൽ കൊണ്ടു പോകുന്നത്.
ലോകം, ഫുട്ബോൾ മാമാങ്കത്തിനായി ഖത്തറിലേക്ക് കാഴ്‌ച തിരിക്കുമ്പോൾ ബേപ്പൂരും കേരളത്തനിമയും രാജ്യത്തിൻ്റെ സാംസ്‌കാരിക സമ്പന്നതയും ഒരു പടി ഉയർന്ന് നിൽക്കും.