കോഴിക്കോട്: 400 മീറ്ററിലധികം നീളമുള്ള ക്യാൻവാസ്, 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ കാർട്ടൂൺ ചിത്ര രചന. ദുബായിലെത്തി ലൈവ് ചിത്ര രചനയിൽ പങ്കെടുത്ത റോഷ്‌നയെ തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോഡ്!
ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 25-ാം സീസണോടനുബന്ധിച്ച് ഒരുക്കിയ 25 അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ എന്ന പ്രഖ്യാപിത ഇനങ്ങളിൽ ഒന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്‌ന ശ്രദ്ധേയമായിരിക്കുന്നത്. ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് കോഴിക്കോട് സ്വദേശിനിയായ ഈ കൊച്ചുമിടുക്കി.
ഗ്ലോബൽ വില്ലേജിൽ ലോകത്തെ വിവിധ രാജ്യങ്ങൾ ഒരുക്കുന്ന പവലിയനുകളിൽ അതാതു രാജ്യങ്ങളുടെ സംസ്‌കാരം, ഭക്ഷണം, വസ്‌ത്രം, ഉൽപ്പന്നങ്ങൾ, തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. ഇവ കാർട്ടൂൺ സ്‌കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു റോഷ്‌ന നേട്ടം കൈവരിച്ചത്. ഒരു കൊച്ചുകുട്ടി ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് കാർട്ടൂൺ സ്ട്രിപ്പിന്‍റെ ഉള്ളടക്കം.
498 ഷീറ്റുകളിൽ വരച്ച സൃഷ്‌ടി രണ്ടു റീലുകളിലാക്കിയായിരുന്നു ഗിന്നസ് അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. കോഴിക്കോട് സ്വദേശിയും കാർട്ടൂണിസ്റ്റുമായ എം ദിലീഫിന്‍റെയും സിവിൽ എഞ്ചിനീയർ സുബൈദയുടെയും മകളാണ് റോഷ്‌ന. ലൈവ് കാരിക്കേച്ചറിൽ വിദഗ്‌ധയായ റോഷ്‌ന 2015 ലോകത്തെ ഏറ്റവും വലിയ ഇലക്ഷൻ പോസ്റ്റർ ഗിന്നസ് റെക്കോഡിനായി ശ്രമിച്ചിരുന്നു. റോചാർട്ട് എന്ന യൂട്യൂബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകളും ഈ മിടുക്കി ഒരുക്കാറുണ്ട്.