കോഴിക്കോട്: ബൈക്കിലെത്തി സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തെ പിടികൂടി. നൂറോളം മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്‌ദുൾ സലാം (35), തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി ഷമീർ (21) അന്തർ സംസ്ഥാന കുറ്റവാളിയായ തൃശൂര്‍ ചാലക്കുടി സ്വദേശി അസിൻ ജോസ് (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാല് മാസത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നു ഇവര്‍. കോഴിക്കോട് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസ് ഇൻസ്പെക്ടർ ബിശ്വാസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നഗരത്തിൽ മോഷണങ്ങളും പിടിച്ചുപറികളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുന്നത്ത് പാലം, അരയിടത്ത് പാലം, മോർച്ചറി റോഡ്, ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം, ജാഫർ ഖാൻ കോളനി, സഹകരണ ഹോസ്‌പിറ്റലിന്‍റെ പാർക്കിങ് ഇടവഴി എന്നിവടങ്ങളിൽ നിന്നും അത്താണിക്കൽ ഭാഗത്തുനിന്നും മാല പൊട്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തും നടന്ന നിരവധി മാല പൊട്ടിക്കൽ കേസുകളിലും തുമ്പുണ്ടായെന്ന് നോർത്ത് അസിസ്റ്റന്‍റ് കമ്മിഷണർ കെ. അഷ്റഫ് പറഞ്ഞു. കൂടാതെ വളാഞ്ചേരി എടപ്പാൾ ഭാഗത്ത് നിന്ന് സംഘം രണ്ട് മിനി ലോറികൾ മോഷ്‌ടിച്ചതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.