കോട്ടയം: സർവകലാശാലകളിൽ അനധികൃത നിയമനം നടത്തുന്നുവെന്നാരോപിച്ച് എം.ജി സർവകലാശാല ആസ്ഥാനത്തേക്ക് യുവമോർച്ച മാർച്ച് നടത്തി. കാമ്പസിനുള്ളിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കരാർ അടിസ്ഥാനത്തൽ ജോലി ചെയ്യുന്ന മൂവായിരത്തോളംപേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് യുവമോർച്ച മാർച്ച് നടത്തിയത്. സര്‍വകലാശാലകളിലെ മിക്ക തസ്‌തികകളിലേക്കുമുള്ള സ്‌പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌താലേ പി.എസ്.സിക്ക് നിയമനം നടത്താന്‍ കഴിയൂ.
ലക്ഷക്കണക്കിന് വരുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ വെല്ലുവിളിച്ച് നടത്തുന്ന ഈ സ്ഥിരപ്പെടുത്തല്‍ തടയാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും യുവമോർച്ച ആവശ്യപെട്ടു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് എം.ജി സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ഡോ ജെ. പ്രമീളാദേവി സമരപരിപാടി ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യു, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.