കോട്ടയം: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ശില്പശാല ജില്ലാ കലക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്‌തു. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ചടങ്ങിൽ പറഞ്ഞു. വോട്ടര്‍മാരെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലാണ് മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നുിം കലക്ടര്‍ കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ കലക്ടർ വിശദീകരിച്ചു. വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. തെരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ അമാനത്ത് ക്ലാസെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.