കോട്ടയം: വർഗീയ ചേരിതിരിവ് ഉണ്ടാക്കാനോ മത സൗഹാർദ്ദം തകർക്കാനോ അനുവദിക്കില്ലെന്ന് മന്ത്രി വി.എൻ വാസവൻ. ബിഷപ്പിന്‍റെ പരാമർശത്തിന്‍റെ പേരിൽ നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കപ്പെടാൻ അനുവദിക്കില്ല. മതേതരത്വ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രകോപനപരമായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും.
പാലായിൽ ബിഷപ്പ് ഹൗസ് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ബിഷപ്പ് ഹൗസിലെത്തിയ വാസവന്‍ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി. പാലാ രൂപതാ ബിഷപ്പിന്‍റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിന്‍റെ ഭാഗമായാണ് മന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദർശനം എന്നാണ് സൂചന.
എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. സർക്കാർ നിലപാടിലെ പെട്ടെന്നുള്ള മാറ്റവും വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കമാണ് എന്ന് വ്യക്തമാണ്. കോൺഗ്രസ് നേതാവ് കെ സുധാകരനും ഇന്നലെ ബിഷപ്പിനെ കണ്ടിരുന്നു.
കൂടുതല്‍ വായനക്ക്: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി