കോട്ടയം: മഴ കനത്ത സാഹചര്യത്തില്‍ സ്‌കൂള്‍ മുറ്റം നിറയെ വെള്ളക്കെട്ടും ചെളിയുമായതോടെ പ്രതിസന്ധിയിലായി കുരുന്നുകള്‍. വൈക്കം ഗവ. എൽ.പി സ്‌കൂളിന്‍റെ മുറ്റത്താണ് കാലുകുത്താനാവാത്ത വിധം ചെളിക്കുളമായത്. ക്ലാസ് റൂമുകളിലേക്ക് കയറാനും പുറത്തേക്കിറങ്ങാനും വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുകയാണ്.
മഴവെള്ളം കെട്ടിക്കിടന്നാണ് ചെളി രൂപപ്പെട്ടത്. നിലവില്‍, രക്ഷിതാക്കൾ വിദ്യാര്‍ഥികളെ പൊക്കിയെടുത്ത് ക്ലാസ് റൂമിൽ എത്തിക്കേണ്ട സ്ഥിതിയാണുള്ളത്. മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ വെള്ളക്കെട്ട് കാരണം കളിസ്ഥലവും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഊഞ്ഞാലും മറ്റു കളി ഉപകരണങ്ങളും ഉള്ള സ്ഥലത്തും ചെളിവെള്ളം കെട്ടി നിൽക്കുകയാണ്.
കുരുന്നുകളെന്ന പരിഗണന പോലുമില്ല: വർഷങ്ങളായി കൊച്ചു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രൈമറി സ്‌കൂള്‍ എന്ന പരിഗണന നല്‍കി പ്രശ്‌നം പരിഹരിക്കാൻ ആരും മുന്നിട്ടിറങ്ങാന്‍ തയ്യാറാവുന്നില്ല. പലവട്ടം പരാതിപ്പെട്ടിട്ടും ആരും ഇടപെട്ടില്ലെന്ന് വിദ്യാലയ അധികൃതർ പറയുന്നു. നിലവില്‍, സ്‌കൂള്‍ വാഹനം കെട്ടിടത്തോട് ചേർത്ത് നിർത്തിയാണ് കുട്ടികളെ ക്ലാസിൽ കയറ്റുന്നത്.
പകൽ മുഴുവൻ കുട്ടികളെ ക്ലാസ്സ് മുറിയ്‌ക്കുള്ളില്‍ ഇരുത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. രാജഭരണ കാലത്ത് പണിത കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവർത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ കെട്ടിടത്തില്‍ വേണ്ടത്ര സൗകര്യമില്ല. നഗരസഭ പ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഈ ദുരവസ്ഥ കാണാനെത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകി മുറ്റം വൃത്തിയാക്കുന്നത് മാത്രമാണ് ശാശ്വത പരിഹാരമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.