കോട്ടയം:അതിരമ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. ഡോ റോസമ്മ സോണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ റോസമ്മ സോണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച യുഡിഎഫ് അതിരമ്പുഴയില്‍ കരിദിനാചരണം നടത്തും. നിശബ്‌ദ പ്രചാരണത്തിന് കറുത്ത ബാഡ്‌ജുകള്‍ ധരിച്ചാവും പ്രവര്‍ത്തകര്‍ എത്തുക. അതിരമ്പുഴ ടൗണില്‍ പ്രതിഷേധ യോഗവും ചേരും.
അതിരമ്പുഴ ചന്തയ്ക്ക് സമീപം ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന റോസമ്മ സോണി ഇടതു മുന്നണിയുടെ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് സമീപം എത്തിയപ്പോള്‍ പ്രകോപനമൊന്നും ഇല്ലാതെ പ്രവര്‍ത്തകര്‍ റോസമ്മയെ ആക്രമിച്ചു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.