കോട്ടയം: മാസ്‌ക് മൂലം മുഖം മറഞ്ഞു പോയി എന്ന പരാതി ഇനി വേണ്ടാ. അതിനും പ്രതിവിധിയായിരിക്കുന്നു. മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയപ്പെടാതെയായി. ഈ സാഹചര്യത്തിലാണ് കോട്ടയം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബീനാസ് സ്റ്റുഡിയോ ഉടമയുടെ മനസിലേക്ക് ഇങ്ങനെ ഒരു ആശയം എത്തിയത്.സ്വന്തം മുഖം പ്രിന്‍റ് ചെയ്ത് ഒന്നാന്തരം ട്രെൻഡിംഗ് മാസ്ക്.
സ്‌റ്റുഡിയോയിലെത്തി ഫോട്ടോ കൊടുത്താൽ വെറും 15 മിനിറ്റുകൊണ്ട് സ്വന്തം മുഖം പതിച്ച മാസ്‌കുമായി മടങ്ങാം. 60 രൂപയാണ് ഒരു മാസ്‌കിന്‍റെ വില. ഫോട്ടോ ഇല്ലാത്തവർക്ക് പ്രത്യേക ചാർജുകൾ ഒന്നും ഇല്ലാതെ തന്നെ ഫോട്ടോ എടുത്ത് മാസ്‌ക് നിർമിച്ചു നൽകും. മഗ്ഗുകളിലും ടി ഷർട്ടുകളിലും ചിത്രങ്ങൾ പ്രിന്‍റ് ചെയ്യുന്ന അതേ രീതിയാണ് മാസ്‌ക് നിർമാണത്തിനും ഉപയോഗിച്ചിരിക്കുന്നത്.
മാസ്ക് വച്ചതോടെ ഉറ്റ സുഹൃത്തുക്കൾക്ക് പോലും തന്നെ മനസിലാക്കാൻ സാധിക്കാതായതോടെയാണ് ഇങ്ങനെ ഒരു ആശയം മനസിലേക്ക് എത്തിയതെന്നും അത് പരീക്ഷണാർഥത്തിൽ സ്ഥാപനത്തിൽ നടത്തി നോക്കുകയായിരുന്നെന്നും സ്റ്റുഡിയോ ഉടമ ബിനേഷ് പറയുന്നു. ഫോട്ടോ എഡിറ്റ് ചെയ്ത് പ്രിന്‍റ് എടുത്ത ശേഷം 210 ഡിഗ്രി സെൽഷ്യസിൽ എട്ട് മിനിറ്റ് ചൂടാക്കിയാണ് മാസ്‌ക് പുറത്തെടുക്കുന്നത്. മാസ്ക് വാങ്ങി മടങ്ങുന്നവർക്ക് ആശ്വാസം ഇനി ആരെയും സ്വയം പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ലല്ലോയെന്നാണ്.