കോട്ടയം: ഇല്ലിക്കല്‍കല്ലില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതി കോട്ടയം ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രദേശത്തിന്‍റെ പ്രകൃതിഭംഗി ചോര്‍ന്നു പോകാതെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുമെന്നും ഇല്ലിക്കല്‍കല്ലില്‍ ടൂറിസം വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ കടകംപള്ളി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായി. ചില ജില്ലകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ എം. അഞ്ജന വീഡിയോയിലൂടെ പദ്ധതി അവതരിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു സെബാസ്റ്റ്യന്‍, പി.എസ്. ബാബു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം സജീവന്‍ ഗോപാലന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ജോണ്‍, ഡാലിയ ജോസഫ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.