കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളുടെ നിജഃസ്ഥിതി തെളിയിക്കാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ ഇരട്ടചങ്കുള്ള ആൾക്ക് ചങ്കുറപ്പുണ്ടോയെന്ന് എം.എല്‍.എ ചോദിച്ചു. യു.ഡി.എഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ കലക്‌ടറേറ്റിന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്ലാ കേസിലും പ്രതിയായ വനിതയെ സി.പി.എം മുന്നില്‍ നിര്‍ത്തി പരിശുദ്ധയായി അവതരിപ്പിച്ച് ആരോപണമുന്നയിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയന് അനുകൂലമായി അതെ വനിത തന്നെ സാക്ഷി പറഞ്ഞിരിക്കുന്നത് കേരളത്തിലെ പൊതു സമൂഹം വീക്ഷിക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു. എ.കെ.ജി സെന്‍ററില്‍ പടക്കമെറിഞ്ഞ് നാടകം കളിച്ചതിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് ഓഫിസുകളും യു.ഡി.എഫ് നേതാക്കളെയും കയ്യേറ്റം ചെയ്ത് മുന്നോട്ട് പോകുന്ന സി.പി.എം പൊലീസ് അവിഹിത കൂട്ടുക്കെട്ടിനെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ധര്‍ണയില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മാണി സി.കാപ്പൻ എം.എൽ.എ, മുൻ എം.പി പി.സി തോമസ്, മുൻ എം.പി ജോയി എബ്രഹാം, യു.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എ സലിം, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, മോഹൻ കെ.നായർ, തുടങ്ങിയവർ സംസാരിച്ചു.
also read:സ്വര്‍ണക്കടത്ത് കേസ്; രഹസ്യമൊഴി പൊതുരേഖയാണോ? അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി