കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം വീടുകളിൽ മോഷണശ്രമം. ക്ഷേത്രത്തിന്‍റെ തെക്കേ നടയിലെ രണ്ടു വീടുകളിലാണ് ഞായറാഴ്‌ച രാത്രി മോഷണശ്രമം ഉണ്ടായത്. തെക്കേ നടയിൽ ദർശനയിൽ കൃഷ്‌ണാംബാളിന്‍റെ വീട്ടിലും സമീപത്തെ രാജഷിന്‍റെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്.
വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന കൃഷ്‌ണാംബാൾ ഒരാഴ്‌ചയായി തൃപ്പൂണിത്തുറയിലുള്ള മകന്‍റെ വീട്ടിലായിരുന്നു. അയൽക്കാരാണ് കൃഷ്‌ണാംബാളിനെ മോഷണ വിവരം അറിയിച്ചത്. വീടിന്‍റെ വാതിൽ കുത്തിതുറന്ന് മോഷ്‌ടാവ് അകത്തു കടക്കുകയായിരുന്നു.
വീടിനകത്ത് നിന്ന് കമ്പിവടിയും, ഉളിയും കണ്ടെടുത്തു. അലമാരയും സ്യൂട്ട് കേസും തുറന്ന് തുണികൾ വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ലെന്ന് കൃഷ്‌ണാംബാൾ പറഞ്ഞു. സമീപത്ത് തന്നെയുള്ള രാജേഷിന്‍റെ വീട്ടുപരിസരത്തെത്തിയ മോഷ്‌ടാവ് വീടിനുള്ളിൽ കയറിയില്ല.
വീടിനു പുറത്തിരുന്ന വസ്‌തുക്കളിൽ ചിലത് കൈക്കാലാക്കി മോഷ്‌ടാവ് കടന്നുകളഞ്ഞു. കയ്യിൽ മാരകായുധവുമായി മോഷ്‌ടാവ് വീടിന്‍റെ കോമ്പൗണ്ടിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മാരകായുധവുമായി മോഷ്‌ടാവ് എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിരിയിക്കുകയാണ്.
വൈക്കം ബണ്ട് റോഡിന് കിഴക്കുഭാഗത്ത് ആളില്ലാത്ത വീടിന്‍റെ വാതിൽ തകർത്ത് മോഷണ ശ്രമം നടത്തിയ മോഷ്‌ടാവിനോട് സാദൃശ്യമുള്ളയാളാണ് കൃഷ്‌ണാംബാളിന്‍റെ വീട്ടിലെത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ബണ്ട് റോഡിലെ വീട്ടിലെത്തിയ മോഷ്‌ടാവിന്‍റെ വ്യക്തതയുള്ള ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.