കോട്ടയം: എം.ജി സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സർവ്വകലാശാല സിൻഡിക്കേറ്റ്. അദാലത്തിൽ മോഡറേഷൻ നൽകാൻ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.
ബി.ടെക്കിൽ മാർക്ക് മോഡറേഷൻ വേണമെന്നാവശ്യപ്പെട്ട് 22-2-2019 ൽ നടന്ന അദാലത്തിൽ അപേക്ഷ വന്നിരുന്നു. അദാലത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളും അക്കാദമിക് കൗൺസിൽ അംഗങ്ങളും പാസ് ബോർഡ് അംഗങ്ങളും ഉണ്ടായിരുന്നതിനാൽ ഒരു മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചു. ശേഷം വകുപ്പ് തലത്തിലേക്ക് നൽകിയപ്പോൾ അദാലത്തിൽ തീരുമാനമെടുക്കാനുള്ള അനുവാദമില്ലന്ന നിർദേശമുണ്ടായി. തുടർന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അക്കാദമിക് കൗൺസിലേക്ക് അയച്ചു. പക്ഷേ മാർക്ക് മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റിന് മാത്രമേ അധികാരമുള്ളൂവെന്ന് കണ്ടാണ് നേരിട്ട് അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കൂടുതൽ അപേക്ഷകൾ എത്തിയതോടെ പ്രശ്ന പരിഹാരം മുന്നിൽ കണ്ട് മാത്രമാണ് തീരുമാനത്തിലെത്തിയതെന്നും വൈസ് ചാൻസിലർ സാബു തോമസ് വ്യക്തമാക്കി. അദാലത്തിൽ നയപരമായ പാളിച്ച സംഭവിച്ചുവെന്നും സിൻഡിക്കേറ്റ് അംഗം തുറന്നു പറഞ്ഞു.
സംഭവത്തിൽ മന്ത്രിക്കോ മന്ത്രിയുടെ സെക്രട്ടറിക്കോ യാതാരുവിധ ബന്ധവുമില്ലന്നും സിൻഡിക്കേറ്റംഗങ്ങൾ വ്യക്തമാക്കി. നഴ്‌സിങ് മോഡറേഷനിൽ ഉപസമിതി തീരുമാനം മാത്രമാണുണ്ടായതെന്നും ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ നഴ്‌സിങ് കൗൺസിലിന് അയച്ചിരിക്കുകയാണ്. ഇതിൽ മാർക്ക് നൽകി കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ലന്നും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.