കോട്ടയം: ചേര്‍പ്പുങ്കല്‍ കോളജ് വിഷയത്തില്‍ യൂണിവേഴ്‌സിറ്റി ഉപസമിതി സമഗ്ര അന്വേഷണമായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ് പറഞ്ഞു. വിദ്യാഥിയുടെ ഭൗതിക സാഹചര്യവും വീട്ടിലെ സാഹചര്യവും പൊലീസ് റിപ്പോര്‍ട്ടുകളും പരിഗണിക്കണമായിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് തെറ്റാണെന്ന യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തലില്‍ വലിയ തമാശയായാണ് തോന്നിയതെന്നും എ.വി ജോര്‍ജ് പറഞ്ഞു. മുന്‍ വൈസ് ചാന്‍സലറായ ഡോ.സിറിയക് തോമസും നേരത്തെ സര്‍വകലാശാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
പഠിച്ച് കൊണ്ട് വരുന്ന ഭാഗങ്ങള്‍ ചേദ്യങ്ങള്‍ക്കനുസരിച്ച് ഉത്തരപേപ്പറില്‍ എഴുതുക മാത്രമണ് പരീക്ഷാഹാളില്‍ വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ഹാളില്‍ ജോലി ചെയ്യുന്ന അധ്യപകരുടെ ചുമതലയാണെന്നും എ.വി ജോര്‍ജ് അഭിപ്രായപ്പെട്ടു. പരീക്ഷാ ഹാളില്‍ നില്‍ക്കുമ്പോള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ ശത്രുക്കളായല്ല കാണുന്നത്. കുട്ടികളുടെ ഭാഗത്ത് നിന്നുള്ള ചില പിഴവുകള്‍ കണ്ടില്ലെന്ന് നടിക്കാറുണ്ടെങ്കിലും ഹാള്‍ ടിക്കറ്റില്‍ കോപ്പി എഴുതുന്നത് ഗുരുതര പിഴവാണ്. ഇത് നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. ഇത്തരം രീതികള്‍ക്കെതിരെ കണ്ണടച്ചാല്‍ പലരും ആവര്‍ത്തിക്കുകയും വിദ്യാഭ്യാസ മേഖലയടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍പ്പുങ്കല്‍ കോളജില്‍ മരണപ്പെട്ട വിദ്യാര്‍ഥിയെ അധ്യാപകന്‍ അപമാനിക്കുന്ന ശ്രമം ഉണ്ടായിട്ടില്ല. സമഗ്രമായ അന്വേഷണമാണ് വേണ്ടത്. കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പെടുത്തണം. കോപ്പിയടി പിടികൂടിയത് മാത്രമാണ് മരണത്തിനിടയാക്കിയതെന്ന നിഗമനതില്‍ വിശ്വസിക്കുന്നില്ല. കോളജിന്‍റെയും അധ്യാപകന്‍റെയും ഭാഗത്ത് നിന്ന് തെറ്റുകള്‍ ഉണ്ടായതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിലൂടെ അവിടെ നടന്നതെന്തെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു.
പ്രസിദ്ധമായ സ്ഥാപനങ്ങളെ താറടിച്ച് കാണിക്കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്കിടയാക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു. തിടുക്കത്തില്‍ യൂണിവേഴ്‌സിറ്റിയെടുത്ത നടപടി ജനങ്ങളുടെ വികാരം ശമിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുള്ളു. ഇതേ രീതിയിലാണ് കാര്യങ്ങളെങ്കില്‍ പരീക്ഷാ ഡ്യൂട്ടിക്ക് തന്നെ അധ്യാപകര്‍ മടി കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.