കോട്ടയം: പാമ്പാടി ഏഴാം മൈലിൽ ഇന്നലെ (സെപ്‌റ്റംബർ 17) ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ സ്‌ത്രീയെ വീട്ടിൽ കയറിയാണ് നായ കടിച്ചത്. ഇവര്‍ക്ക് ശരീരത്തില്‍ 34 മുറിവുകളുണ്ട്.
സ്‌ത്രീയെ കടിച്ച ശേഷം ആറ് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുട്ടിയെയും നായ ആക്രമിച്ചു. ഏഴാംമൈൽ സ്വദേശികളായ നിഷ സുനിൽ, ഫെബിൻ, സുമി, രാജു എന്നിവരടക്കം ഏഴ് പേർക്കാണ് കടിയേറ്റത്.
ഇതിൽ നിഷയെയും ഫെബിനെയുമാണ് വീട്ടിൽ കയറി തെരുവ് നായ കടിച്ചത്. കടിയേറ്റതിനെ തുടർന്ന് ഇവർ ഇന്നലെ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇവരെ കടിച്ച നായ പിന്നീട് ചത്തു.
തെരുവ് നായ ആക്രമിച്ചവരെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം പുറത്തുനിന്ന് കൊണ്ടുവന്ന് റോഡുകളിൽ തള്ളുന്ന ഹോട്ടൽ മാലിന്യവും അറവുശാലകളിലെ മാലിന്യവുമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഈ പ്രദേശത്ത് നേരത്തെ തെരുവ് നായകളുടെ ശല്യം ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുറച്ചുനാളുകളായി തൊട്ടടുത്ത ശ്‌മശാനത്തിൽ ശല്യക്കാരായ നായകളെയും നായക്കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്നത് പതിവായതിനെ തുടർന്നാണ് തെരുവ് നായ ശല്യം രൂക്ഷമായത്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.