കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പോപ്പുലർ ഫ്രണ്ട് ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന വാർത്തയില്‍ വിവാദം കനക്കുന്നു. ഇതേത്തുടര്‍ന്ന് ചീഫ് വിപ്പ് ഭീകര സംഘത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ കോട്ടയം വാഴൂരിൽ നടക്കുന്ന ഏരിയ സമ്മേളനത്തിൽ ജയരാജ് പങ്കെടുക്കുമെന്നാണ് സമ്മേളന നോട്ടിസിലുള്ളതെന്നും ഭീകര സംഘടനകളോടുള്ള സർക്കാർ നിലപാട് ഇതാണോയെന്നും ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി ചോദിച്ചു.
സെപ്‌റ്റംബർ രണ്ട്, മൂന്ന്, നാല് എന്നീ ദിവസങ്ങളില്‍ നടക്കുന്ന പോപ്പുലർ ഫ്രണ്ട് ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിന്‍റെ ഉദ്‌ഘാടകനായാണ് ജയരാജ് പങ്കെടുക്കുക എന്നാണ് നോട്ടിസിലുള്ളത്. മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ ജയരാജ് പങ്കെടുക്കുന്നതെന്നും ബിജെപി വിമര്‍ശനമുന്നയിച്ചു. അതേസമയം, തന്‍റെ അനുവാദമില്ലാതെയാണ് പോപ്പുലര്‍ ഫ്രണ്ട് നോട്ടിസ് അച്ചടിച്ചതെന്നാണ് എന്‍ ജയരാജിന്‍റെ വാദം.