കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവേശനോത്സവം വ്യത്യസ്തമായി ആഘോഷിച്ച് അരുവിത്തുറ സെന്‍റ് മേരീസ് സ്‌കൂൾ. പ്രവേശനം നേടിയ കുട്ടികളുടെ ഫോട്ടോ ക്ലാസിലെ ഇരിപ്പിടങ്ങളില്‍ വയ്ക്കുകയും പൂക്കളും ബലൂണുകളും കൊണ്ട് ക്ലാസ്‌മുറികൾ അലങ്കരിക്കുകയും ചെയ്താണ് ഇക്കുറി പ്രവേശനോത്സവം സ്‌കൂൾ അധികൃതർ ആഘോഷിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ സ്‌കൂൾ പ്രവേശനോത്സവം നടത്തിയതെന്ന് ഹെഡ്മിസ്ട്രസ് സി. സൗമ്യ പറയുന്നു. ഇത്തവണ 80-ഓളം കുട്ടികൾ പ്രവേശനം നേടി. ആഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കു വേണ്ടി ഹാന്‍സ് ജോസ് പൂഞ്ഞാർ തയ്യാറാക്കിയ സ്വാഗതഗാനം 'മഷി പച്ച' എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പുത്തന്‍ ബാഗും കുടയുമെടുത്ത് സഹോദരങ്ങളുടെ കൈപിടിച്ച് സ്‌കൂളില്‍ പോകാനൊരുങ്ങുന്ന കുട്ടികള്‍ക്ക് കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിബന്ധങ്ങള്‍ക്കിടയില്‍ സ്‌കൂളൊരുക്കുന്ന കരുതലിന്‍റെ പ്രതീകമാണിതെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു.