കോട്ടയം: ജാതിവിവേചനത്തിനെതിരായി കോട്ടയം കെആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വിദ്യാർഥികളുടെ സമരം രണ്ടാഴ്‌ച പിന്നിട്ടു. ഈ ഘട്ടത്തില്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ സമരത്തിന് പിന്തുണയുമായി എസ്‌എഫ്‌ഐയും രംഗത്തെത്തി. വിഷയത്തില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും സമാനമായ ഇടപെടലുണ്ടാവും. ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിയേണ്ട സാഹചര്യമില്ലെന്നും പിഎം ആര്‍ഷോ മാധ്യമങ്ങളോട് വ്യക്തമാക്കി. കാമ്പസ് കവാടത്തിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത ശേഷമാണ് ആര്‍ഷോ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർഥികൾക്ക് പിന്തുണയുമായി ഡബ്ലിയുസിസി അംഗങ്ങളും കഴിഞ്ഞദിവസം കാമ്പസിലെത്തിയിരുന്നു. പാർവതി തിരുവോത്ത് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് കാമ്പസില്‍ നേരിട്ടെത്തി പിന്തുണ നല്‍കിയത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌ത്രീ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായി ഡയറക്‌ടര്‍ ശങ്കര്‍ മോഹനാണ് ജാതിവിവേചനം നടത്തിയത്. ജാതിസംവരണം ആട്ടിമറിക്കുന്നതിന് എതിരെയുള്ള സമരത്തിനും വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു. വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സമൂഹം ഇടപെടണമെന്ന് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.