കോട്ടയം: നാടെങ്ങും ക്രിസ്‌മസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ക്രിസ്‌മസ് പാപ്പയുടെ മുഖമൂടിയും തൊപ്പിയും ആയി തെരുവോരം കീഴടക്കുകയാണ് അന്യസംസ്ഥാനത്ത് നിന്നുള്ള കച്ചവടക്കാർ. കോട്ടയം നഗരത്തിലെ തെരുവോരങ്ങളുടെ ഇരുവശങ്ങളിലും ചുവപ്പും വെള്ളയും കലർന്ന ക്രിസ്‌മസ് പാപ്പയുടെ മുഖംമൂടികളും തൊപ്പിയും അണിനിരന്നിരിക്കുന്നത് കാണാം. യാത്രക്കാരെയും സഞ്ചാരികളെയും ആകർഷിക്കുന്ന തരത്തിലാണ് ഇവയുടെ നിൽപ്.
എംസി റോഡിൽ കോട്ടയം നാഗമ്പടം, ഏറ്റുമാനൂർ, തെള്ളകം, കോടിമത തുടങ്ങിയ ഇടങ്ങളിൽ റോഡുകളുടെ ഇരുവശങ്ങളും സീസൺ കച്ചവടക്കാരുടെ നീണ്ട നിരയാണ്. സീസൺ അനുസരിച്ചുള്ള തെരുവോര വിപണിയുമായി രാജസ്ഥാൻ സ്വദേശികളാണ് നഗരത്തിലെത്തിയത്. കോടിമതയിലെ നാലുവരിപ്പാതയിലെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലും നാഗമ്പടത്തുമാണ് ക്രിസ്‌മസ് തെരുവോര വിപണി സജീവമായത്.
രാജസ്ഥാനിൽ നിന്നുള്ള വ്യാപാരികൾ കുടുംബസമേതം ഇവിടെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്‌മസ് പാപ്പ തൊപ്പി, മാസ്ക്, ഡ്രസ് എന്നിവയാണ് ഇവിടെയുള്ളത്. ക്രിസ്‌മസ് ട്രീ, ക്രിസ്‌മസ് പാപ്പയുടെ പാവ എന്നിവയും ഇത്തവണയുണ്ട്.
മുഖം മൂടിക്ക് 70 രൂപയും തൊപ്പിയ്‌ക്ക് 50 രൂപയുമാണ് വില ഈടാക്കുന്നത്. പാവയ്ക്ക് 100 രൂപയാണ് വില. കിസ്‌മസ് പാപ്പയുടെ വസ്‌ത്രം 350 രൂപ മുതൽ ലഭ്യമാണ്. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. കച്ചവടം മോശമാണെന്നും ഇവർ പറയുന്നു. ദിവസങ്ങൾക്ക് മുൻപാണ് കച്ചവടക്കാർ നഗരത്തിലെത്തിയത്. ക്രിസ്‌മസിന് ശേഷം നാട്ടിലേയ്‌ക്ക് മടങ്ങും.
കൊച്ചി മെട്രോയില്‍ ക്രിസ്‌മസ് ആഘോഷം: കൊച്ചി മെട്രോയിലെ ക്രിസ്‌മസ് ആഘോഷമായ മെറി മെട്രോ 2023ന് തുടക്കം. മെഗാ കരോൾ ഗാന മത്സരത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വൈറ്റില മെട്രോ സ്റ്റേഷനിലായിരുന്നു കരോൾ ഗാന മത്സരം നടന്നത്. പതിമൂന്ന് ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.
എ ആർ ബാൻഡ് കൊച്ചിൻ ആണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. സെന്‍റ് മേരീസ് ചർച്ച്, കൽപ്പറമ്പ്, സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ച്, തോപ്പുംപടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഇത്തവണയും ക്രിസ്‌മസ് ആഘോഷമാക്കാൻ നിരവധി മത്സരങ്ങളാണ് കൊച്ചി മെട്രോ സംഘടിപ്പിച്ചത്.
മെഗാ കരോൾ ഗാന മത്സരം, പുൽക്കൂട് നിർമാണ മത്സരം, ക്രിസ്‌മസ് ട്രീ അലങ്കാര മത്സരം എന്നീ മത്സരങ്ങൾ വിവിധ മെട്രോ സ്റ്റേഷനുകളിൽ നടക്കും. മെഗാ കരോൾ ഗാന മത്സരമായിരുന്നു പ്രധാന മത്സരം. ഡിസംബർ 18 മുതൽ 25 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക.
READ MORE: കൊച്ചി മെട്രോയില്‍ ക്രിസ്‌മസ് ആഘോഷം; 'മെറി മെട്രോ 2023'ന് മെഗാ കരോൾ ഗാന മത്സരത്തോടെ തുടക്കം