കോട്ടയം: ശബരിമല തീർഥാടനത്തിനുള്ള പരമ്പരാഗത കാനന പാത അടച്ചതിൽ പ്രതിഷേധവുമായി മലയരയ മഹാസഭ രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങളെ മറയാക്കി കാനന പാതയടക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് മലയരയ മഹാസഭ ആരോപിച്ചു. സന്നിധാനത്തേക്കുള്ള ഈ പാത സ്ഥിരമായി അടക്കുന്നതിലൂടെ ദേവസ്വം ബോർഡിൻ്റെ അമ്പലങ്ങളിൽ മാത്രം വരുമാനം ലഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കാനനപാതയിലുള്ള അതിപുരാതന ക്ഷേത്രങ്ങളാണ് കല്ലിടാംകുന്ന്, എണ്ണയ്ക്കാവള്ളി അമ്പലം, പുതുശ്ശേരി, മായോക്കി, കരിമല അരയൻ കല്ലറ, കരിമല അമ്പലം, പുലിയള്ളിറിക്കം, ചെറിയാനവട്ടം, വലിയാനവട്ടം എന്നിവ. മണ്ഡലകാലത്ത് ഈ ആരാധനാലയങ്ങളിൽ വിശേഷാൽ പൂജകൾ ചെയ്താണ് ഭക്തർ ശബരിമലയിലെത്തുന്നത്. കാനന പാത അടക്കുന്നതോടെ നിത്യപൂജകൾ പോലും മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും മലയരയർ ആരോപിക്കുന്നു. മലയരയ ക്ഷേത്രങ്ങൾക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കാനുള്ള നീക്കമാണ് ദേവസ്വം ബോർഡ് നടത്തുന്നതെന്നും ഇവർ പറയുന്നു.