കോട്ടയം: കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ തീർഥാടന പാതയിലുൾപ്പെടുന്ന കോട്ടയം ജില്ലയിലും തീർത്ഥാടകർക്ക് കർശന നിയന്ത്രണങ്ങൾ. ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയുൾപ്പടെയുള്ള പ്രദേശങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിരിവയ്ക്കാൻ സാധിക്കില്ല. കൂടാതെ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ അഞ്ചു പേരിൽ അധികമുള്ള പേട്ടതുള്ളലിനും വിലക്കേർപ്പെടുത്തി. ഇതോടനുബന്ധിച്ചുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും വാടകക്ക് കൊടുക്കുന്നതിനും നിരോധനമുണ്ട്. ജില്ലയിലെ പ്രധാന ജലസ്രോതസുകളിലൊന്നും തന്നെ തീർത്ഥാടകർക്ക് ഇറങ്ങാൻ അനുവാദമുണ്ടാകില്ല. അന്നദാനം ആവശ്യമുള്ളവർക്ക് മാത്രമായി പരിമിതപെടുത്തും.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾക്ക് പുറമെ, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ രേഖപ്പെടുത്താനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ ഭക്തർക്ക് ആന്‍റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനവും എരുമേലിയിലൊരുക്കും. ശബരിമലയിലേക്ക് എത്തുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ സീസണിനു മുമ്പായി പൂർത്തികരിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ അയ്യപ്പസേവാസംഘം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടന പ്രവർത്തകർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമലയിൽ പ്രതിദിനം 250 പേർക്ക് മാത്രം ദർശനം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.