കോട്ടയം: പി.ജെ ജോസഫ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ജോസ് കെ. മാണി വിഭാഗം. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് അവകാശപ്പെടാന്‍ പി.ജെ ജോസഫിന് എന്ത് അവകാശമാണുള്ളതെന്നും കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. മുന്നണി ക്ഷണങ്ങളിൽ പി.ജെ ജോസഫിന് ഹാലിളകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ചിഹ്നവും പാർട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം അന്തിമാണ്. വിപ്പ് സംബന്ധിച്ച തീരുമാനം എടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധിയാണ് സ്‌പീക്കർ പരിഗണിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ജോസഫ് വിഭാഗത്തിലേക്ക് മാറിയ പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധിക്കെതിരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് നടപടിയിലേക്ക് നീങ്ങാനാണ് ജോസ് പക്ഷത്തിന്‍റെ നീക്കം. ജോസ് ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് സൂചന. ആറാം തിയതി കോട്ടയത്ത് ജോസ് കെ മാണി ഉന്നതാധികാരസമിതി യോഗം ചേരും.