കോട്ടയം: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ തയ്യാറാക്കി അവ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് റെനി ബിജോയി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ആധുനിക നിലവാരത്തിലുള്ള ബഹുനില മന്ദിരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വലിയ ഒരു നേട്ടമായി കരുതുന്നു. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയെ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സാധിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മീനച്ചില്‍ ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്ത് ആക്കുവാന്‍ സാധിച്ചു. കിഴപറയാര്‍ പി.എച്ച്.സി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഹോമിയോ ഡിസ്‌പെന്‍സറിയെ ജില്ലയിലെ മോഡല്‍ ഡിസ്‌പെന്‍സറിയാക്കുവാനും സാധിച്ചു. തൊഴിലുറപ്പ് മേഖലയിലും മൃഗസംരക്ഷണ മേഖലയിലും കാര്‍ഷികമേഖലയിലും പ്രയോജനകരമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ജലനിധി പദ്ധതികള്‍ നടപ്പിലാക്കിയത് മൂലം കുടിവെള്ളക്ഷാമത്തിന് വിരാമമായി. അടിസ്ഥാന വികസനമേഖലയില്‍ തൊണ്ണൂറുശതമാനം റോഡുകള്‍ പൂര്‍ത്തീകരിക്കുകയും വഴിവിളക്കുകളുടെ സംരഷണവും ഉറപ്പ് വരുത്തുവാന്‍ സാധിച്ചതായും റെനി ബിജോയി പറഞ്ഞു.
കേരള കോണ്‍ഗ്രസ് പ്രതിനിധികളായി വിജയിച്ച ഒരുവിഭാഗം അംഗങ്ങള്‍ ഔദ്യോഗിക വിഭാഗവുമായി പിണങ്ങുകയും റെനി ബിജോയി ഇടതുമുന്നണിയുടെ സഹായത്തോടെ ഭരണത്തിലെത്തുകയുമായിരുന്നു. ഇടതുമുന്നണിയിലെ മേഴ്‌സിക്കുട്ടിക്കാണ് ഇനി പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സാധ്യത.