കോട്ടയം: ജില്ലയിൽ മഴക്കെടുതി മൂലം ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതിൽ ആറ് ക്യാമ്പുകൾ കോട്ടയം താലൂക്കിലാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ക്വാറന്‍റൈനിൽ കഴിയുന്നവർക്കും ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ പനച്ചിക്കാട് എൻ.എസ്.എസ് ഹയർ സെക്കന്‍ററി സ്‌കൂളിലെ ക്യാമ്പാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. രണ്ട് കുടുംബങ്ങളിൽ നിന്നായി ഒമ്പത് പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്.
48 കുടുംബങ്ങളിൽ നിന്ന് 127 പേരാണ് നിലവില്‍ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. വെള്ളക്കെട്ട് രൂക്ഷമായ പനച്ചിക്കാട് മേഖലയിലെ 29 കുടുംബങ്ങളിൽ നിന്ന് 58 പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. കൂടാതെ ചാലുകുന്നിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബങ്ങളിൽ നിന്ന് 24 പേരും ഞാറക്കൽ സെന്‍റ് മേരീസ് എൽ.പി സ്‌കൂളിലാരംഭിച്ച ക്യാമ്പിൽ രണ്ട് കുടുംബങ്ങളിൽ നിന്ന് അഞ്ച് പേരുമാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനത്ത് ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരുണ്ട്. ചൊവ്വാഴ്‌ച ആരംഭിച്ച മഴ തുടർച്ചയായി പെയ്‌തതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മീനച്ചിലാറ്റിലെ ജലനിരപ്പുയർന്നതും തിരിച്ചടിയായി. വെള്ളക്കെട്ട് പൂർണമായും മാറാൻ ദിവസങ്ങളെടുക്കുമെന്നാണ് നിഗമനം. ജില്ലയിൽ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ ആശങ്കയുണ്ടാക്കുകയാണ്.