കോട്ടയം: ഈരാറ്റുപേട്ട വാഗമണ്‍ റോഡ് കരാറുകാരനെ ടെർമിനേറ്റ് ചെയ്‌തുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. റോഡ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റിസ്‌ക് ആൻഡ് കോസ്റ്റ് വ്യവസ്ഥപ്രകാരം കരാർ റദ്ദാക്കി പദ്ധതി റീടെൻഡർ ചെയ്‌തു. വിനോദസഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന വാഗമൺ-ഈരാറ്റുപേട്ട റോഡ് തകർന്ന് അവസ്ഥയിൽ ആയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2016ൽ കോട്ടയം പൂഞ്ഞാർ മണ്ഡലത്തിലെ കിഫ്‌ബി പദ്ധതിയിൽ ഉൾപെടുത്തിയ 24 കിലോമീറ്റർ വരുന്ന റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. റോഡ് തകർന്നതു മൂലം കിഴക്കൻ മേഖലയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെത്താൻ ആളുകൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
തകർന്ന റോഡിൽ പൊടി ശല്യവും രൂക്ഷമാണ്. ടാറിംഗ് ജോലികൾ നടത്താൻ 20 കോടിയോളം രൂപയാണ് അന്ന് അനുവദിച്ചത്. ഈ വർഷം കരാറുകാരൻ പൂർത്തികരിക്കാമെന്ന് വ്യവസ്ഥ ചെയ്തെങ്കിലും പണി പൂർത്തിയായില്ല. ഈരാറ്റുപേട്ട മുതൽ തീക്കോയി സ്‌തംഭം ജംഗ്ഷൻ വരെ ടാർ ചെയ്‌തുവെങ്കിലും പിന്നീട് കരാറുകാരൻ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വീഴ്‌ച വരുത്തുകയായിരുന്നു.