കോട്ടയം: യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി പാലായിലെത്തി. വൈകിട്ട് മൂന്ന് മണിയോടെയാണ് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിനുശേഷം രാഹുൽ പാലായിലെത്തിയത്. ആയിരങ്ങളാണ് യോഗത്തിൽ പങ്കെടുക്കാനായി പാലായിലെത്തിയത്.
യുഡിഎഫ് അധികാരത്തിലേറിയാല്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പാകുമെന്ന് രാഹുൽ പറഞ്ഞു. ഒരു കുടുംബത്തിന് മാസവരുമാനം ആറായിരം രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേരളവും ഇന്ത്യയും ഇന്ന് തൊഴില്‍ മേഖലയിലും സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി നേരിടുകയാണ്. ന്യായ് പദ്ധതി നടപ്പിലാക്കുന്നതോടെ ഇത് തരണം ചെയ്യാന്‍ സാധിക്കും. ന്യായ് പദ്ധതി ഒരു സമ്മാനമോ, സൗജന്യമോ അല്ല. സ്തംഭിച്ചു നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്നതിനാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും ഇന്ത്യയുടെ ഐക്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ശബ്ദം കോൺഗ്രസിന്‍റേതാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ 16 മാസം കൊണ്ട് 462 കോടിയിൽപരം രൂപയുടെ വികസനം നടത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
യോഗത്തിൽ യുഡിഎഫ് നേതാക്കളായ റോയി മാത്യു എലിപ്പുലിക്കാട്ട്, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ബിജു പുന്നത്താനം, തോമസ് കല്ലാടൻ, ജോയി സ്കറിയ, ആർ സജീവ്, ജോർജ് പുളിങ്കാട്, ആർ പ്രേംജി, ജോസ് പാറേക്കാട്ട്, മൈക്കിൾ പുല്ലുമാക്കൽ, സി ടി രാജൻ, രാജൻ കൊല്ലം പറമ്പിൽ, മോളിപീറ്റർ, ഷൈൻ പാറയിൽ, തുടങ്ങിയവർ പങ്കെടുത്തു.