കോട്ടയം : വികസനം ചർച്ച ചെയ്‌ത് പുതുപ്പള്ളിക്കാരുടെ മനസ് നിറച്ച് മണ്ഡലമാകെ നിറയുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ജെയ്‌ക് സി തോമസ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് തന്നെ പ്രചാരണത്തിൽ മുൻപിലെത്തിയിരിക്കുകയാണ് ഇടത് മുന്നണി. സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് നടന്ന റോഡ് ഷോയിലെ ജനകീയ പങ്കാളിത്തം യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചു.
ഒരു തുറന്ന വാഹനത്തിൽ എല്ലാ ജംങ്‌ഷനുകളിലൂടെയും യാത്ര എന്ന രീതിയിലാണ് പരിപാടി തിരുമാനിച്ചിരുന്നതെങ്കിലും എല്ലായിടങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങളിൽ ജനങ്ങൾ ഒപ്പം എത്തിയതോടെ വലിയ ഘോഷയാത്രയായി അത് മാറുകയായിരുന്നു. റോഡ് ഷോയുടെ ആവേശം ഉൾക്കൊണ്ട് ഇന്ന് രാവിലെ മുതൽ തന്നെ ഇടതുമുന്നണി പ്രവർത്തകർ വീടുകൾ കയറിയുള്ള സ്‌ക്വാഡ് വർക്ക് ആരംഭിച്ചു.
രാവിലെ ഏഴ് മണിക്ക് പ്രചാരണ പരിപാടികൾക്കായി വീട്ടിൽ നിന്നിറങ്ങിയ ജെയ്ക്ക് സി തോമസിനെ വരവേറ്റത് മാധ്യമ പ്രവർത്തകരുടെ പടയായിരുന്നു. എല്ലാവർക്കും പ്രതികരണങ്ങളൊക്കെ നൽകി മുന്നോട്ട്. ഇതിനിടെ ഇടയ്ക്ക് കണ്ട ചായക്കടയിൽ നിന്ന് പ്രഭാത ഭക്ഷണം. അവിടെ വച്ചും ചാനലുകളുമായി സംവദിക്കാനും വികസനം സംബന്ധിച്ച വ്യക്തമായ നിലപാട് പങ്കുവയ്‌ക്കാനും ജെയ്‌ക് തയ്യാറായി.
ജന്മനാട്ടിൽ നിന്ന് ആരംഭം : പ്രഭാത ഭക്ഷണ ശേഷം വീണ്ടും പ്രചാരണ പരിപാടികളിലേക്ക്. ജന്മനാടായ മണർകാട് നിന്നായിരുന്നു പ്രചാരണ പരിപാടികളുടെ തുടക്കം. മുതിർന്ന പാർട്ടി പ്രവർത്തകരെ കണ്ട് അനുഗ്രഹം തേടിയാണ് പ്രചാരണം ആരംഭിച്ചത്. അപ്പോഴേയ്ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി.
പിന്നീട് ഇരുവരും ചേർന്നായി ഗൃഹസന്ദർശനം. മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെ കണ്ട് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കി. അതുകഴിഞ്ഞ് കോത്തലയിലെ ചില മേഖലകളിലേക്ക് പ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് ഓടി എത്തി. ഉച്ചയ്ക്ക് ശേഷം വീണ്ടും മണർകാട് മേഖലയിൽ പ്രചാരണം.
ഒരോ വീടുകളിലും എത്തിച്ചേരുന്നതിനിടയിൽ വനിതകളുടെ കൂട്ടായ്‌മയിൽ എത്തി വോട്ട് അഭ്യർഥിച്ചു. കഴിഞ്ഞ തവണ ചെയ്യാൻ സാധിച്ചില്ലെന്നും ഇത്തവണ വോട്ട് ചെയ്യുമെന്ന് അവരിൽ ചിലർ നേരിട്ട് സ്ഥാനാർഥിയോട് പറയുകയും ചെയ്‌തു. ജെയ്‌ക്കിനെ നിറപുഞ്ചിരിയോടെ വിജയാശംസകൾ നേർന്നാണ് വനിത പ്രവർത്തകർ യാത്രയാക്കിയത്.
തുടർന്ന് മാലം എസ്എൻഡിപിയിലേയ്ക്ക്. അവിടെ എത്തിയ സ്ഥാനാർഥിയെ ശാഖാ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. അൽപ സമയം എല്ലാവരോടും സൗഹൃദ സംഭാഷണം, കുശലം പറച്ചിൽ, ശേഷം വീണ്ടും ഗൃഹസന്ദർശനത്തിലേയ്ക്ക്. ഏതാവശ്യത്തിനും തങ്ങൾക്കൊപ്പം എപ്പോഴുമുള്ള തങ്ങളുടെ നാട്ടുകാരനെ എങ്ങനെ മറക്കാനാവും എന്നായിരുന്നു പല വീടുകളിൽ നിന്നും ലഭിച്ച മറുപടി.
ഇടയ്ക്ക് സിഎംഎസ് കോളജിലെ സഹപാഠികളും, നിലവിലെ വിദ്യാർഥികളും ജെയ്‌ക്കിനെ കാണാൻ എത്തി. അവരോട് സൗഹദം പങ്കുവച്ച് വീണ്ടും ഗൃഹസന്ദർശനം തുടർന്നു. ചാനലിനെ ചോദ്യോത്തരങ്ങളിൽ നൽകിയ വികസനം സംബന്ധിച്ച നിലപാട് തന്‍റെ ഫേസ്ബുക്ക് പേജിൽ കുറച്ച് കൂടി വ്യക്തമാക്കിക്കൊണ്ടുള്ള ജെയ്ക്കിന്‍റെ കുറിപ്പ് സമൂഹ്യമാധ്യമങ്ങളിലും ചർച്ചയ്ക്ക് വഴിതുറന്നിരുന്നു.