കോട്ടയം: ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി പഞ്ചായത്തില്‍ വന്‍പ്രതിഷേധം. എരുമേലിയിലെ ഏയ്ഞ്ചല്‍വാലിയില്‍ നാട്ടുകാര്‍ വനംവകുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും വനംവകുപ്പിന്‍റെ ബോര്‍ഡ് പിഴുതുമാറ്റി കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.
സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ ഏയ്ഞ്ചല്‍വാലി, പമ്പാവാലി എന്നീ പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു വാർഡുകളിലുമായി 1200ൽ പരം ആളുകളാണ് താമസിക്കുന്നത്.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിനെതിരെ വ്യാപക പരാതികളാണ് നാട്ടുകാർ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. 11 മണിയോടെ സമരപരിപാടി താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷമാവും ഏയ്ഞ്ചല്‍വാലി നിവാസികൾ തങ്ങളുടെ അടുത്ത നടപടികൾ തീരുമാനിക്കുക.