കോട്ടയം: മഴക്കാലമായതോടെ ഈരാറ്റുപേട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഭാഗം ചെളികുളമായി. മാര്‍ക്കറ്റ് റോഡ് വഴി ഒഴുകിയെത്തുന്ന വെള്ളം ഓട അടഞ്ഞതോടെ പ്രൈവറ്റ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്കാണ് ഒഴുകിയെത്തുന്നത്. ഇതോടെ ഈ ഭാഗത്തുള്ള വ്യാപാരികളും പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ മഴപെയ്തതോടെ കടകള്‍ക്ക് മുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഒരടിയോളം ഉയരത്തിലാണ് വെള്ളംകെട്ടിനിന്നത്. ഇതോടെ ഈ വശത്തുകൂടി കാല്‍നടയാത്ര തടസപ്പെട്ടു. വാഹനങ്ങള്‍ വേഗത്തില്‍ പോയാല്‍ കടകള്‍ക്ക് ഉള്ളിലേയ്ക്ക് വെള്ളം തെറിക്കുന്നതും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. മാര്‍ക്കറ്റ് റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് വളവിലാണ് രാത്രികാലങ്ങളില്‍ മാലിന്യം ഇടുന്നത്. പുലര്‍ച്ചെയാണ് വാഹനങ്ങളില്‍ ഇവ നീക്കം ചെയ്യുക.
രാത്രികാലങ്ങളില്‍ നായ്ക്കള്‍ മാലിന്യം വലിച്ചുനിരത്തുന്നത് പതിവാണ്. ഇവ ഓടകളിലേയ്ക്ക് വീണ് അടഞ്ഞതാണ് വെള്ളമൊഴുക്കുന്നത് തടസപെട്ടത്. ശക്തമായ മഴ വരും ദിവസങ്ങളില്‍ വരാനാരിക്കെ ഓടകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകും. ടൗണില്‍ പലയിടത്തും ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. മുനിസിപ്പാലിറ്റി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.