കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പിടിയിൽ. കിഴതടിയൂർ അടിമാക്കൽ വീട്ടിൽ രാഹുലാണ് (29) പാലാ പൊലീസിന്‍റെ പിടിയിലായത്. 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2020ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എസ്ഐ എം.ഡി അഭിലാഷ്, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ. തോമസ്, സിപിഒമാരായ ജോഷി മാത്യു, സി.എം അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.