കോട്ടയം : മൊട്ടുസൂചിയും നൂലും കൊണ്ട് വിസ്‌മയിപ്പിക്കുകയാണ് കോട്ടയം സ്വദേശിനി മുംതാസ്. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ ചരമവാർഷികത്തില്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വേറിട്ട ചിത്രം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് മൊട്ടുസൂചിയും നൂലും ഉപയോഗിച്ച് നടന്‍റെ ഛായാചിത്രം നിർമിക്കാൻ തീരുമാനിച്ചത്.
ആദ്യശ്രമം തന്നെ വിജയമായി. ചിത്രം എല്ലാവരുടെയും പ്രശംസ നേടിയെന്നുമാത്രമല്ല, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം പിടിക്കുകയും ചെയ്‌തു.
ഇതിനുപുറമേ പേരിലെ അക്ഷരങ്ങൾ കൊണ്ടും പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ മുംതാസ് വരയ്‌ക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, ഗിന്നസ് പക്രു എന്നിവരുടെ ചിത്രങ്ങൾ ഇത്തരത്തിൽ വരച്ചത് വലിയ ശ്രദ്ധ നേടി. മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹം കോട്ടയത്തെത്തിയപ്പോൾ നേരിട്ടു സമ്മാനിക്കാനും സാധിച്ചു.
ALSO READ: താത്കാലിക ഷെഡില്‍ ബീനയുടെ ദുരിത ജീവിതം, സഹായം തേടി കുടുംബം
ചിത്രകല അഭ്യസിക്കാതെയാണ് മുംതാസ് വരയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ലോക്ക്‌ഡൗൺ സമയത്താണ് ചിത്രരചനയിലേക്ക് തിരിയുന്നത്. കാനഡയിലുള്ള സഹോദരൻ മുഹമ്മദ് ആഷിഖിന് പിറന്നാൾ സമ്മാനമായി ഛായാചിത്രം വരച്ചുനൽകിയായിരുന്നു തുടക്കം. പിന്നാലെ മാതാപിതാക്കളായ പി.എ അബ്‌ദുൾ സലിമിന്റെയും നജ്‌മയുടെയും ചിത്രങ്ങളും ക്യാൻവാസിലേക്ക് പകർത്തി.
പേപ്പർ കട്ടിങ് ആർട്ടിലും മുംതാസ് വിദഗ്‌ധയാണ്. ചിത്രംവരയും ഡാൻസും പാട്ടുമെല്ലാം ഇഷ്‌ടപ്പെടുന്ന ഈ കലാകാരിക്ക് സിവിൽ സർവീസ് എന്ന മോഹവുമുണ്ട്. ഐഎഎസ് അല്ലെങ്കിൽ ഐഎഫ്എസ് നേടണമെന്നതാണ് മുംതാസിന്‍റെ ലക്ഷ്യം. അതിനായി തിരുവനന്തപുരത്ത് പരീശീലനവും നേടുന്നുണ്ട് മുംതാസ്.